2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

റമദാന്‍ : നേടിയെടുക്കേണ്ടത് ആത്മീയ വിമലീകരണം




ഒരു ബഹുമത സമൂഹത്തിലാണ് ഇന്ത്യന്‍ മുസ്ലിം സമുദായം ജീവിക്കുന്നത് . അത് കൊണ്ട് തന്നെ അവരുടെ ആചാരാനുഷ്ടാനങ്ങള്‍ ഇതര മത ആചാരങ്ങളുമായി കൂടി ചേരുവാനോ , അവയുടെ യഥാര്‍ത്ഥ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുവാണോ സാദ്ധ്യത ഏറെയാണ് .മതേതരത്വം എന്നാല്‍ എല്ലാ മതങ്ങളും ലയിച്ചു ചേരുന്ന ഒരു മതം എന്ന വീക്ഷണത്തിലേക്ക് ബോധപൂര്‍വ്വമോ അല്ലാതെയോ നയിക്കപ്പെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും .


ഇസ്ലാമിലെ ഏതു അനുഷ്ടാനം എടുത്തു പരിശോധിച്ചാലും അവയ്ക്കൊക്കെ ആത്മീയവും ഭൌതികവുമായ മാനങ്ങള്‍ കാണാവുന്നതാണ് . എന്നാല്‍ ഒരു യഥാര്‍ത്ഥ സത്യവിശ്വാസി ഒരിക്കലും അവയുടെ ഭൌതിക നേട്ടങ്ങള്‍ അവ അനുഷ്ഠിക്കുമ്പോള്‍ ലക്ഷ്യമാക്കിക്കൂടാ.


1.ഇസ്ലാമിലെ ഒന്നാമത്തെ അനുഷ്ടാനം ആരാധനക്കര്‍ഹ്ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് പ്രഖ്യാപിക്കലാണ് . നബി തിരുമേനി (സ )അരുളിയത് ഏതൊരാള്‍ നിഷ്കളങ്കമായി ' ലാ ഇലാഹ ഇല്ലല്ലാഹ് ' പ്രഖ്യാപിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു എന്നാണു . 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നിഷ്കളങ്കമായി പറയുവാന്‍ ആത്മ വിശുദ്ധി കൈ വരിച്ച ഒരാള്‍ക്കേ സാധിക്കൂ എന്നുള്ള കാര്യം ഇവിടെ വ്യക്തമാണ് .


2. ഇസ്ലാമിലെ അഞ്ചു നേരത്തെ നമസ്കാരമെടുത്തു പരിശോധിച്ചാല്‍ പ്രവാചക തിരുമേനിയുടെ വാക്കുകളിലൂടെ നമുക്ക് കാണുവാന്‍ സാധിക്കുന്നത് ഇപ്രകാരമാണ് : ഒരാളുടെ വീടിനു സമീപത് കൂടി ഒരു നദി ഒഴുകുന്നു . അയാള്‍ ദിവസവും അഞ്ചു നേരം അതില്‍ മുങ്ങിക്കുളിക്കുന്നു . അയാളുടെ മേല്‍ അഴുക്കുണ്ടാവുമോ ? ഇല്ല . അപ്രകാരമാണ് അഞ്ചു നേരത്തെ നമസ്കാരം .രണ്ടു നമസ്കാരങ്ങള്‍ക്കിടയില്‍ സംഭവിക്കാവുന്ന ചെറിയ തിന്മകള്‍ അടുത്ത നമസ്കാരത്തോട് കൂടി പൊറുക്കപ്പെട്ട് അയാള്‍ ആത്മീയമായി വിമലീകരിക്കപ്പെടുന്നു . ( അല്ലാഹു ഉദ്ദേശിച്ചാല്‍ ) .


3. ഇസ്ലാമിലെ 'സക്കാത്ത്' സമ്പ്രദായത്തെ കുറിച്ച് മനസ്സിലാക്കിയാല്‍ അറിയുവാന്‍ കഴിയുന്നത് ,ഒരാള്‍ ഹലാലായ(അനുവദനീയമായ) മാര്‍ഗ്ഗത്തില്‍ കൂടി സമ്പാദിച്ച ധനത്തില്‍ കടന്നു കൂടിയേക്കാവുന്ന ഹറാമിനെ(നിഷിധമായതിനെ) ശുദ്ധീകരിക്കുവാനാണ് അതില്‍ നിന്നും നിശ്ചിത വിഹിതം ദാനമായി നല്‍കുവാന്‍ കല്പ്പിക്കപ്പെട്ടിരിക്കുന്നത്


4. ഇസ്ലാമിലെ വൃതത്തെ കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ് :


സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌
പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി
കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍
വേണ്ടിയത്രെ അത്‌." (Holy Quran 2:183)




5.ഇസ്ലാമിലെ മറ്റൊരു അനുഷ്ടാനമായ ഹജ്ജ്‌ കര്‍മ്മം ( ഹലാലായ സമ്പാദ്യം ഉപയോഗിച്ച് അല്ലാഹുവിന്റെ പ്രവാചകന്‍ (സ )പഠിപ്പിച്ച പ്രകാരം )നിര്‍വ്വഹിച്ച ഒരു മനുഷ്യന്റെ അവസ്ഥ 'അവന്റെ ഉമ്മ അവനെ പ്രസവിച്ചപ്പോള്‍ അവന്‍ എത്ര മാത്രം നിഷ്കളങ്കനാണോ' അപ്രകാരമായിരിക്കും.




എന്നാല്‍ ഇവയുടെ മറു ഭാഗം കൂടി ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട് , അത് വിശ്വാസികള്‍ കൂടുതല്‍ ശ്രദ്ധിക്കെണ്ടാതുമാണ് . അല്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പാഴാവുക മാത്രമല്ല നഷ്ടക്കാരില്‍ പെടുകയും ചെയ്യും .


1. ഒരാള്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്'(ആരാധനക്കര്‍ഹ്ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല) എന്ന് പ്രഖ്യാപിച്ച ശേഷം സൃഷ്ടികളെ ആരാധിക്കുന്ന പക്ഷം അവന്‍ വിശ്വാസത്തില്‍ കളങ്കം(ശിര്‍ക്ക്) വന്നവനും അല്ലാഹു ഒരിക്കലും പൊറുക്കില്ലെന്നു പറഞ്ഞിട്ടുള്ള മഹാ പാപം ചെയ്തവനുമാകും .

2.നമസ്കരിക്കുന്ന ,കൈകള്‍ രണ്ടും ഉയര്‍ത്തി കണ്ണ്നീര്‍ വാര്‍ത്ത്പ്രാര്‍ഥിക്കുന്ന വഴി യാത്രക്കാരനെ പോലെ തോന്നിക്കുന്ന ഒരാളെ ചൂണ്ടി പ്രവാചക തിരുമേനി (സ) ചോദിച്ചു : " അയാളുടെ പ്രാര്‍ത്ഥന അല്ലാഹു എങ്ങനെ സ്വീകരിക്കും ? അയാളുടെ വസ്ത്രം ഹറാം ,ധനം ഹറാം , അയാള്‍ ഊട്ടപ്പെടുന്നതും ഹറാമില്‍ നിന്ന് ". വ്യക്തമാണ് കാര്യം .നമസ്കാരം മൂലം സ്വായതമാക്കേണ്ട ആത്മീയ ഗുണങ്ങള്‍ ഒരാള്‍ നേടിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് വളരെ വ്യക്തം .


3.'വലതു കൈ ദാനം ചെയ്യുന്നത് ഇടതു കൈ അറിയരുത്' എന്ന വചനം പ്രസിദ്ധമാണല്ലോ . തന്നെ കാണുമ്പോള്‍ ആളുകള്‍ ബഹുമാനിക്കുവാനും പുകഴ്ത്തി പറയുവാനും വേണ്ടി ചെയ്യുന്ന ദാനം അല്ലാഹുവിനു ആവശ്യമില്ല എന്ന് മാത്രമല്ല അതിന്റെ പേരില്‍ പരലോകത്ത് കഠിന ശിക്ഷയും അറിയിക്കപ്പെട്ടിട്ടുണ്ട് .


4.നോമ്പിന്റെ സവിശേഷതകള്‍ നിരവധിയാണ് .'റമദാന്‍' മാസത്തിലാണ് നോമ്പ് നിര്‍ബന്ധമാക്കിയിട്ടുള്ളത് .റമദാന്‍ എന്നാല്‍ 'കരിച്ചു കളയുന്നത്' എന്നര്‍ത്ഥം. സംഭവിച്ചു പോയ പാപങ്ങല്‍ അല്ലാഹു അവന്റെ മഹത്തായ കാരുണ്യം കൊണ്ട് മാപ്പ് ചോദിക്കുന്ന വിശ്വാസികള്‍ക്ക്പൊറുത്തു കൊടുക്കുന്നത് വഴി അവരുടെ പാപങ്ങള്‍ കരിച്ചു കളയപ്പെടുകയാണ് . നോമ്പ്‌ അല്ലെങ്കില്‍ വൃതം എന്നതിന് അല്ലാഹു ഖുര്‍ആനില്‍ ഉപയോഗിച്ച പദം 'സിയാം'( സംയമനം ) എന്നാണു.നോമ്പ് സംയമനം പരിശീലിപ്പിക്കപ്പെടുന്ന മാസമാണ് .എന്നാല്‍ ഇതൊന്നും മനസ്സിലാക്കുകയോ ,പരിഗണിക്കുകയോ ചെയ്യാതെ ഒരാള്‍ പകല്‍ മുഴുവന്‍ പട്ടിണി ഇരിക്കുന്നത് അല്ലാഹു സ്വീകരിക്കുകയില്ല എന്നതാണ് മനസ്സിലാക്കെണ്ട പ്രധാന കാര്യം


5.ഒരാള്‍ ഭൌതിക ലക്‌ഷ്യം ഉദ്ദേശിച്ചു (കച്ചവടമോ ,ജോലിയോ മറ്റോ) മക്കയിലേക്ക് പോയി ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ചെയ്‌താല്‍ അത് ഹജ്ജ്‌ ആവുകയില്ല .

ഏതൊരുവന്‍  തന്റെ ആത്മാവിനെ വിമലീകരിച്ചുവോ അവന്‍ വിജയിച്ചു

(കൂടുതല്‍ കാര്യങ്ങള്‍ പണ്ഡിതന്മാരില്‍ നിന്നും മനസ്സിലാക്കുക )







You Don't Need To Login To Add A Comment, feel cool to add your name  at  comment  box  below...

2010, ജൂലൈ 18, ഞായറാഴ്‌ച

ബ്ലോഗിങ് വിരസമാണോ ?



പുതു തലമുറയുടെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ട ഒന്ന് അവര്‍ക്ക് ഒന്നിനും സമയം തികയാറില്ല എന്നതാണ് . ശരിയാണോ ?

എന്റെ ചെറുപ്പകാലത്ത്
( ഒരു ഇരുപത്തി മൂന്നു വര്ഷം പിന്നോട്ട്ആലോചിക്കുക )വീടിന്റെ മുന്‍ വശത്ത് റോഡിന്റെ അരികിലുള്ള ഒരു കലുങ്കില്‍ ഇരുന്നു കയ്യില്‍ കിട്ടിയ വാരികകളും പുസ്തകങ്ങളും ഒക്കെ വായിച്ചു സമയം ' കൊന്നിട്ടുണ്ട് '.ശനി ഞായര്‍ ദിവസങ്ങളില്‍ ഉറങ്ങി സമയം കളഞ്ഞിട്ടുണ്ട് .വൈകിട്ടുള്ള ചില കളികളാണ് ആകെയുള്ള നേരം പോക്ക് . ടി വി ഇല്ല. റേഡിയോ ഉണ്ടെങ്കിലും ചലച്ചിത്ര ഗാനങ്ങള്‍ അല്ലാതെ മറ്റൊന്നും കേള്‍ക്കാറില്ല . അന്ന് ബസ്സുകള്‍ കുറവാണ് . ഇടക്കിടക്കൊക്കെയെ മറ്റു വാഹനങ്ങളും കടന്നു പോകാറുള്ളൂ . (ഇന്ന് റോഡിന്റെ അരികില്‍ നിന്നാല്‍ എപ്പോ വണ്ടി തട്ടി എന്ന് ചോദിച്ചാ മതി )

അന്ന് സ്കൂളില്‍ പഠിക്കുവാന്‍ അധികമൊന്നുമില്ല . ഉള്ളത് മുഴുവന്‍ ക്ലാസ്സില്‍ ഇരുന്നു തന്നെ പഠിക്കാനുള്ളതെ ഉള്ളൂ ... ഇന്നത്തെ എല്‍ കെ ജി കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ അന്ന് അഞ്ചാം ക്ലാസുകാരന് പോലും ഇല്ല . ഇപ്പോഴത്തെ തലമുറയ്ക്ക് വിജ്ഞാനത്തിന്റെ വിസ്ഫോടനത്തെയാണ് അഭിമുഖീകരിക്കേണ്ടത് . എങ്ങനെ സമയം തികയും ?.


സമയം കിട്ടിയിട്ട് വേണം അവര്‍ക്ക് കളിക്കുവാനും സൊറ പറയുവാനും ടി വി കാണുവാനും .(പഴയ തലമുറ വെറുതെ ഉറങ്ങി പാഴാക്കിയതും ഈ 'സമയം' തന്നെ )

ഈ തലമുറയ്ക്ക് എങ്ങനെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനുള്ള മനസ്സാന്നിധ്യം ലഭിക്കും .എങ്ങനെ പ്രശ്നങ്ങളെ ആഴത്തില്‍ വിലയിരുത്തും . ആത്മഹത്യാ നിരക്കില്‍ കേരളം മുന്പന്തിയിലാണെന്ന കാര്യം രഹസ്യമൊന്നുമല്ല .വൈജ്ഞാനിക മുന്നേറ്റം നേടിയ ഒരു സമൂഹത്തില്‍ ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു . പുതു തലമുറയുടെ ചിന്തകളും , പ്രവര്‍ത്തനങ്ങളും തങ്ങളിലേക്ക് ചുരുങ്ങുന്നു എന്നതിന്റെ പരിണിത ഫലമാണ് ഇതെന്ന്നു ചില വിദഗ്ദ അഭിപ്രായവുമുണ്ട് . പഴയ തലമുറയിലെ കൂട്ട് കുടുംബ സമ്പ്രദായം ഏറെക്കുറെ അസ്തമിച്ചിരിക്കുന്നു . അവിടെ പ്രശ്നങ്ങളിലും , വേദനകളിലും ഇടപെടുവാന്‍ ഒരാള്‍ ഉണ്ടാകുമായിരുന്നു എന്നതു യാതാര്ത്യമാണ് . ഇന്നത്തെ അണുകുടുംബങ്ങളില്‍ പ്രശ്നങ്ങളും വേദനകളും പുകഞ്ഞു പൊട്ടിത്തെറിക്കുകയാണ് . അത് സമൂഹം മനസ്സിലാക്കി പ്രതി വിധി തേടുന്നില്ല എങ്കില്‍ നമ്മുടെ മക്കളും ഇതിന്റെ ഇരകളാകുമെന്നു തിരിച്ചറിയണം .

തൊട്ടടുത്ത്‌ താമസിക്കുന്നവനോടുള്ള പരിഗണന വെറുമൊരു ഹലോയിലോ ചിരിയിലോ ഒതുങ്ങുന്നത് സമയക്കുറവിന്റെ പ്രശ്നമാണോ ?

സാമൂഹിക പ്രതിബദ്ധതയ്ക്ക് , പ്രബുദ്ധതക്ക് പേര് കേട്ട നാടാണ് കേരളം . ഇപ്പോള്‍ സമകാലിക സംഭവങ്ങള്‍ അതിനു കളങ്കം വരുത്തിയിരിക്കുന്നു . യുവാക്കളുടെ സമരോല്സുകതയെ വിദഗ്ദമായി ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു . അരക്ഷിതാവസ്ഥയുള്ളവരാണ് തങ്ങളെന്ന് അവരെ വിശ്വസിപ്പിക്കുവാന്‍ ചില വാചകക്കസര്തുകള്‍ക്ക് സാധിക്കുന്നു .


യുവജനങ്ങള്‍ക്ക് മുന്‍പില്‍ നടക്കേണ്ടവര്‍ അവരെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നില്ല എന്നാണു കരുതേണ്ടത്.

നമ്മുടെ കോളേജ്‌ കാംപസ്സുകള്‍, മുന്‍പ് സമൂഹത്തിനു പ്രതീക്ഷയുള്ളവരെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു . പിന്നീട് സമൂഹത്തിനു മുന്നില്‍ നടന്നവര്‍ അവരായിരുന്നു .ഇന്ന് എല്ലാ അധാര്‍മ്മിക , അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പില്‍ യുവത്വമല്ല കൌമാരം തന്നെ ഉണ്ടെന്നുള്ളത് ഞെട്ടലുളവാക്കുന്നു.


പുതു തലമുറ ആകെ മാറിയിരിക്കുന്നു . എവിടെയും അത്യാവേശം കാണിച്ചു പിന്തിരിയുന്ന പ്രവണതയാണ് കാണുന്നത് . മുന്‍ പിന്‍ നോക്കാത്ത പ്രവര്‍ത്തനങ്ങളും വാക്കുകളും അവരെ കുഴപ്പത്തിലാക്കുന്നു . എവിടെയും നിരാശയുടെ വാക്കുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത് . നമ്മള്‍ അതിനൊക്കെ വിധിക്കപ്പെട്ടവരാണെന്ന മുന്‍ വിധി പുതു തലമുറയില്‍ ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു .

ബ്ലോഗ്‌ രംഗത്ത് സജീവമാകുവാന്‍ പുതു തലമുറയ്ക്ക് സമയം കണ്ടെതിക്കൂടെ ? സമയം കിട്ടില്ല എന്ന മറുപടിയാണ് ഉള്ളതെങ്കില്‍ , മനസ്സിലാക്കുക സമയക്കുറവ് നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയല്ല . മറ്റുള്ളവര്‍ വായിക്കുന്ന ഒരു വിഷയത്തെ കുറിച്ചാണ് താന്‍ എഴുതുന്നത്‌ എന്ന ബോധം ആ വിഷയത്തില്‍ കൂടുതല്‍ ഇറങ്ങി ചെന്ന് പഠിച്ചു എഴുതുവാന്‍ സഹായിക്കുമെന്നത് നിസ്സാര കാര്യമല്ല .മുന്‍ തലമുറ ജീവിച്ച വഴികള്‍ പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണെന്നു തിരിച്ചറിയുക . നമ്മുടെ മുന്നില്‍ സമയം കാത്തു നില്‍ക്കുന്നില്ല . സമയക്കുറവു നമ്മുടെ പ്രായത്തിന്റെയും , ആഗ്രഹങ്ങളുടെയും സൃഷ്ടിയാണ് .

സാമൂഹികമായ അവബോധം സമൂഹത്തെ കുറിച്ചുള്ള ചിന്തകളില്‍ നിന്നും , ഇടപെടലുകളില്‍ നിന്നുമേ ഉടലെടുക്കൂ ..

ബ്ലോഗ്‌ രംഗം വിരസമല്ല , പുതുമകളും ചിന്തകളും അതിനു ആവേശം പകരും .വിഷയങ്ങള്‍ എമ്പാടുമുണ്ട് . യുവത്വം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പങ്കു വെക്കേണ്ടത് യുവാക്കള്‍ തന്നെയാണ് . യുവത്വത്തെ നേര്‍വഴി കാണിക്കേണ്ടത് യുവാക്കളുടെയും ആവശ്യമാണ്‌ .ഒപ്പം ബ്ലോഗ്‌ രംഗത്തെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുവാനുംതയ്യാറാകുക . യുവ സമൂഹം പ്രതീക്ഷകളുടെ നാളങ്ങളാണ് . ബ്ലോഗ്‌ ലോകത്തു നിങ്ങള്‍ക്കു ഒത്തിരി ചെയ്യുവാനുണ്ട് . നിങ്ങളുടെ അസാന്നിദ്ധ്യം ഒരു പക്ഷേ ബ്ലോഗ്‌ ലോകത്തെ വിരസമാക്കും .







You Don't Need To Login To Add A Comment, feel cool to add your name at comment box below...

2010, ജൂലൈ 4, ഞായറാഴ്‌ച

കൈ വെട്ടിയത് കാടത്തം



ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

രണ്ട് കൈയ്യിനും സാരമായി പരിക്കേറ്റു. ഒരു കൈപ്പത്തി വെട്ടേറ്റ് അറ്റുപോയി. വാഹനത്തിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ആസ്​പത്രിയിലെത്തിച്ച ജോസഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പുറത്തിറക്കി വീട്ടുകാരെ മര്‍ദ്ദിച്ച ശേഷമാണ് ജോസഫിനെ വെട്ടിയത്.

സംഘത്തില്‍ എട്ടോളം പേര്‍ ഉണ്ടായിരുന്നതായി ജോസഫിന്റെ സഹോദരി സ്‌റ്റെല്ല പറഞ്ഞു. കോടാലി, വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സ്‌റ്റെല്ല പറഞ്ഞു. റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് മാരുതി ഓമ്‌നിയിലെത്തിയ സംഘം ആക്രമണം നടത്തിയത്. ജോസഫിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആസ്​പത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരിലാണ് ജോസഫ് ആരോപണ വിധേയനായത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം തയ്യാറാക്കിയതിന്റെ പേരിലായിരുന്ന വിവാദം. പിന്നീട് ജോസഫിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും എം. ജി. യൂണിവേഴ്‌സിറ്റി ഒരുവര്‍ഷത്തേക്ക് ജോസഫിന്റേയും കോളേജ് പ്രിന്‍സിപ്പലിന്റെയും അംഗീകാരം റദ്ദാക്കുകയും ചെയ്തു.

ചോദ്യപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ തന്നെ നിരവധി മുസ്‌ലീം സംഘടനകള്‍ സംഭവത്തിനെതിരെ രംഗത്തെത്തുകയും ന്യൂമാന്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ജോസഫിന് മതസംഘടനകളുടെ ഭീഷണിയും നിലനിന്നിരുന്നു.


(മാതൃഭൂമി വാര്‍ത്ത )


അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ കെ.സി.ബി.സി അപലപിച്ചു‍‍

കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിനെ അക്രമിച്ച സംഭവത്തില്‍ കേരള കാത്തലിക്‌ ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) അപലപിച്ചു. ചോദ്യപേപ്പര്‍ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ കോളജ് മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. ഇതിനു ശേഷവും അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് അപലപനീയമാണ്. നിയമവാഴ്ചയും മതസൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും ഫാ.ആലത്തറ അറിയിച്ചു.

( മംഗളം വാര്‍ത്ത )


രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .


താഴെ കാണുന്ന പ്രതിഷേധ ബ്ലോഗുകള്‍ കൂടി വായിക്കുമല്ലോ ..











ഇത് ചെയ്തത് ഏതെന്കിലും മുസ്ലിം നാമ ധാരികളാണെന്കില്‍ ഒരിക്കല്‍ കൂടി ചോദ്യ പേപര്‍ വിവാദവുമായി ബന്ധപ്പെട്ട എന്റെ മറ്റൊരു ബ്ലോഗ്‌ പോസ്റ്റ്‌ ശ്രദ്ധയില്‍ പെടുത്തുന്നു. താഴെ വായിക്കുക :



You Don't Need To Login To Add A Comment, feel cool to add your name at comment box below...

2010, ജൂൺ 26, ശനിയാഴ്‌ച

എന്തിനിത്രയും കൂട്ടുകാര്‍ ?




സോഷ്യല്‍ മീഡിയകളുടെ കടന്നു വരവ് ' നെറ്റിസന്റെ ' ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്‌ .
ഇ- മെയിലുകള്‍ അയക്കല്‍ മാത്രമായി ഇന്റര്‍നെറ്റ്‌ ഉപയോഗം
ഒരു സാധാരണ ' നെറ്റിസന്റെ 'ജീവിതത്തില്‍ ചുരുങ്ങിയിരുന്ന കാലമുണ്ടായിരുന്നതായി ഒരു ബ്ലോഗില്‍ വായിച്ചത് ഓര്‍ക്കുന്നു . ലോകത്തെ ആദ്യത്തെ മൊബൈല്‍ ഫോണിന്റെ വില ഒരു ലക്ഷത്തിലധികം രൂപയായിരുന്നു എന്നും ഒരു മിനിട്ട് കാള്‍ വിളിക്കുവാന്‍ ഏതാണ്ട് മുപ്പത്തി ആറു രൂപയോളം വിളിക്കുന്നവനും വിളിക്കപ്പെടുന്നവനും ചെലവ് വന്നിരുന്നു എന്നും വായിച്ചിട്ടുണ്ട്. ഇപ്പോള്‍ കിലോക്ക് പത്തു രൂപയ്ക്കു മൊബൈല്‍ ഫോണ്‍ കിട്ടുമെന്ന് തമാശയായിട്ടാണെന്കിലും പറയാന്‍ നമ്മുക്ക് കഴിയുന്നു .
( ചില നര്‍മ്മങ്ങള്‍ അങ്ങനെയും വായിച്ചിട്ടുണ്ട്. 'കിലോക്ക് പത്തേ' എന്ന വിളിച്ചു പറയല്‍ കേട്ടു ചെന്ന് നോക്കുമ്പോള്‍ ചാള(മത്തി ) മീനല്ല മൊബൈല്‍ ഫോണ്‍ ആണ് കിലോക്ക് പത്തു രൂപയ്ക്കു തൂക്കി കൊടുക്കുന്നത് കാണുന്നത് . )
ഫ്രീ ആയി സിം കാര്‍ഡും അണ്‍ ലിമിറ്റഡ് ഫ്രീ കോള്‍ ഓഫെറും കൊണ്ട് ഇപ്പോളിതാ നമ്മള്‍ പൊറുതി മുട്ടുന്നു .


ഇന്റര്‍ നെറ്റിന്റെ ഉപയോഗത്തില്‍ ഉണ്ടായ പുരോഗതി ഇതിനൊപ്പം തന്നെ കൂട്ടിച്ചേര്‍ക്കാം.
ഇതെല്ലാം ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് ഉണ്ടായ മാറ്റങ്ങളാണ് .
ഈ പുരോഗതി ' നെറ്റിസന്റെ ' ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അതിരുകളില്ലാത്ത സൌഹൃദമാണ് .
ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ട് കാണാത്ത,
ഫോണില്‍ കൂടി പോലും സംസാരിക്കാത്ത ആളുകള്മായിട്ടാണ് കൂടുതല്‍ സൌഹൃദങ്ങള്‍ .
ആദര്‍ശ ബന്ധമോ , ചില പ്രത്യേക വിഷയങ്ങളിലുള്ള അഭിരുചികള്‍ ഒരുമിക്കുന്നതോ ഒക്കെ ഇതിനു പിന്നില്‍ പ്രേരകമാകുന്നുണ്ട് .

അവര്‍ എഴുതുന്ന ബ്ലോഗ്‌ പോസ്റ്റുകളിലും , സോഷ്യല്‍ മീഡിയകള്‍ വഴി നല്‍കുന്ന ലിന്കുകളിലും സജീവമായി ഇടപെടുന്നു .
പ്രതികരിക്കുന്നു .നിത്യവും നാം കാണുന്ന ചങ്ങാതിമാരെ പോലെ അവരെയും പരിഗണിക്കുന്നു .

ഇതിനൊരു മറുപുറം കൂടിയുണ്ട് എന്ന് കാണാതെ വയ്യ .
സോഷ്യല്‍ മീഡിയകളിലൂടെ വളരുന്ന സൌഹൃദങ്ങള്‍ കാല ക്രമേണ മുരടിക്കുന്നത്
എന്ത് കൊണ്ടായിരിക്കാം ?
ഇത്തരം സൌഹൃദങ്ങളിലൂടെ രൂപപ്പെടുന്ന ആത്മ ബന്ധങ്ങള്‍ നൈമിഷികമായി മാറുന്നില്ലേ?

എന്താണൊരുത്തരം?

' കണ്ടിന്യൂവിറ്റി ' യുടെ പ്രശ്നമാണോ ?
അതാകാനാണ് സാധ്യതയെന്ന് തോന്നുന്നു .
നിലവിലുള്ള സൌഹൃദങ്ങള്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ തന്നെ പുതിയ സൌഹൃദങ്ങളും വളരുകയായി .
അപ്പോള്‍ നാട്ടിലുള്ള സുഹൃത്തുക്കളെക്കാള്‍ ഇന്റര്‍ നെറ്റില്‍ സുഹൃതുക്കള്ണ്ടാകുന്നു .
എല്ലാവരെയും എപ്പോഴും പരിഗണിക്കുവാന്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറിന്റെ മുന്നില്‍ ചിലവഴിക്കേണ്ടി വരുന്നു. അതോടൊപ്പം ബ്ലോഗ്‌ ഉണ്ടെങ്കില്‍ അതിന്റെ കമന്റുകള്‍ക്ക് മറുപടിയും വായനകളും പഠനങ്ങളും സമയം അപഹരിക്കുന്നു . ആരെങ്കിലും ഒരു മെയില്‍ അയച്ചാല്‍ അതിനു ഒരു ചെറിയ മറുപടിയെന്കിലും അയച്ചില്ലെങ്കില്‍ ഒരു മന:പ്രയാസം സ്വാഭാവികം .
ഇതിനൊക്കെ സമയം എവിടെ ?
ഇത് നല്‍കുന്ന മാനസ്സിക പിരിമുറുക്കങ്ങള്‍ ഹൃദയത്തിനു താങ്ങാനാവാതെ വരുന്നുണ്ടോ ?

എന്താണൊരു പോംവഴി?

ഇന്റര്‍ നെറ്റ് സൌഹൃദങ്ങള്‍ കുറയ്ക്കുകയായിരിക്കും നല്ലത് എന്ന് പറയുന്നത് വേദനിപ്പിക്കുന്ന ഒന്നാണോ ?

എങ്കില്‍ ചുരുങ്ങിയ പക്ഷം പെണ്‍ സുഹൃത്തുക്കളെ എങ്കിലും ഒഴിവാക്കുക . പലര്‍ക്കും നിസ്സാരമായി തോന്നുന്ന ഒന്നാണ് ഇന്റര്‍ നെറ്റില്‍ സ്ത്രീ സുഹൃത്ത്‌ ഉണ്ടാകുക എന്നത് . എങ്ങനെയാണ് അന്യ സ്ത്രീകളുമായി സൗഹൃദം പുലര്‍ത്തുന്നത് ഒരു സത്യ വിശ്വാസിക്ക് യോജിക്കുന്നത് ? നമ്മുടെ ഭാര്യമാര്‍ വെറുതെ ഒരു പുരുഷനുമായി സൗഹൃദം പുലര്‍ത്തുന്നത് സത്യ വിശ്വാസിക്ക് യോജിക്കാവുന്ന കാര്യമാണോ ? പല 'ഇന്റര്‍ നെറ്റ് സുഹൃത്തു'ക്കളോടും ചോദിച്ചിട്ടുണ്ട് ഇക്കാര്യം . എനിക്കതിന്റെ ന്യായീകരണം മനസ്സിലാകുന്നില്ല . അത് ആകാം എന്ന് വിചാരിക്കുന്നവര്‍ക്ക് അതിന്റെ ന്യായീകരണങ്ങള്‍ ഉണ്ടാകാം .എന്നാല്‍ തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന ഒരു നോട്ടമോ വാക്കോ ഒഴിവാക്കേണ്ട സത്യ വിശ്വാസികള്‍ക്ക് ഇതിനെ ന്യായീകരിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു . ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ വളച്ചു കെട്ടി പറയലാണ് . എന്റെ ചങ്ങാതിമാരുടെ ബുദ്ധിയും വ്യക്തിത്വവും ആത്മാഭിമാനവും ചോദ്യം ചെയ്യുവാന്‍ എനിക്കാവില്ല . അത് കൊണ്ടുള്ള ഒരു വളച്ചു കെട്ടല്‍ .


' നെറ്റിസന്റെ ' ജീവിതത്തിനെ വരും നാളുകളില്‍ കാത്തിരിക്കുന്നത് സമ്മര്‍ദ്ദങ്ങളാണ് .അതിരുകളില്ലാത്ത അന്തമില്ലാത്ത സൌഹൃദ ചങ്ങലയുടെ സമ്മര്‍ദ്ദങ്ങള്‍ .
കരുതലോടെ തീരുമാനമെടുക്കുവാന്‍ ഇനിയും സമയം വൈകിയിട്ടില്ല .....




(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍)



You Don't Need To Login To Add A Comment, feel cool to add your name at comment box below...

2010, ജൂൺ 25, വെള്ളിയാഴ്‌ച

ഏകാന്ത ചിന്തകള്‍




ഒറ്റക്കിരുന്നു ചിന്തിക്കുക എന്നത് ഇന്നത്തെ കാലത്ത് മഹാഭാഗ്യമാണ് . തിരക്കുകള്‍ക്കും, ആരവങ്ങള്‍ക്കും , കടമകള്‍ക്കും 'അവധി' നല്‍കി സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ മുന്നില്‍ ആത്മഗതം നടത്തുന്ന വിശ്വാസി ദൈവത്തിനു പ്രിയങ്കരനാണ് . ഇത് വരെയുള്ള ജീവിത അനുഭവങ്ങളും പാഠങ്ങളും മുന്‍ നിര്‍ത്തി ഇനി മുന്‍പോട്ടുള്ള ചുവടു വെപ്പുകള്‍ രൂപം കൊള്ളേണ്ടത് ഇത്തരം ഏകാന്തതയുടെ അപൂര്‍വ്വ നിമിഷങ്ങളില്‍ നിന്നാണ് .

ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിം എന്ന നിലക്കുള്ള കാഴ്ചപ്പാടുകളും സമീപനങ്ങളും ഒരു മുസ്ലിം രാഷ്ട്രതിലുള്ള മുസ്ലിമിന്റെ കാഴ്ചപ്പാടുകളില്‍ നിന്നും സമീപനങ്ങളില്‍ നിന്നും വ്യസ്തസ്തമാണ് .വിശ്വാസപരമായ ഏകീകരണം ഉണ്ടെങ്കില്‍ പോലും പ്രശ്നങ്ങളോടുള്ള സമീപനം രാജ്യ താല്പര്യത്തിനു വിരുദ്ധമായിക്കൂടാ .

കേരളത്തില്‍ മുസ്ലിം സമുദായതിനുള്ളില്‍ ധാരാളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇസ്ലാമിക പ്രബോധനം എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണു എല്ലാവരും അവകാശപ്പെടുന്നത് . എന്നാല്‍ ഇസ്ലാമിക പ്രബോധനം (ദഅവത്ത്) അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇടയിലാണ് വേണ്ടത് . മുസ്ലിം സമുദായതിനുള്ളില്‍ വേണ്ടത് അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള പ്രബോധനം അഥവാ ഇസ്ലാഹ് (കേടായത് നന്നാക്കുന്ന പ്രവര്‍ത്തനം ) ആണ് .

സാങ്കേതിക പ്രയോഗങ്ങളില്‍ വിവാദങ്ങള്‍ തടഞ്ഞു നിന്നാല്‍ സമുദായ പുരോഗമനമാണ് തടസ്സപ്പെടുക . എല്ലാവരും നന്നായിട്ട് ഞാന്‍ മാറാം എന്നതിനേക്കാള്‍ മാറ്റത്തിന്റെ തുടക്കം ഞാനാകാം എന്ന ചിന്താഗതിയോടെ മുന്നിട്ടിറങ്ങുന്നത് കരണീയമായി തോന്നുന്നു . എന്നാല്‍ അടിസ്ഥാന വിശ്വാസ ആചാരങ്ങളില്‍ പിഴവ് പറ്റിക്കൂടാ. അത് പരലോകത്ത് നഷ്ടക്കാരില്‍ പെടുവാനെ ഉപകരിക്കൂ .

വൃദ്ധനായ ഒരാള്‍ ( നാടന്‍ ഭാഷ പറഞ്ഞാല്‍ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഒരാള്‍ ) പ്രവാചകന്റെ (സ) സന്നിധിയില്‍ വെച്ച് സത്യവിശ്വാസം സ്വീകരിച്ചു .അദ്ദേഹം (റ) ചോദിച്ചു : അല്ലാഹുവിന്റെ ദൂതരെ ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത് ? പ്രവാചകന്‍ (സ) അരുളി : താന്കള്‍ വിജ്ഞാനം കരസ്ഥമാക്കുക .

പരിശുദ്ധ ഇസ്ലാമില്‍ വിജ്ഞാനത്തിനുള്ള സ്ഥാനം എത്ര വലുതാണ്‌ എന്ന് ഈ സംഭവം വ്യക്തമാക്കുന്നു . വിജ്ഞാനം സത്യ വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്‌ എന്നാണു പ്രവാചകന്‍ (സ)പറഞ്ഞത് .

മനുഷ്യ ജീവിതം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു കടക്കുന്നത് മനസ്സിന്റെ അകത്തളങ്ങളിലേക്ക് വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം പ്രവേശിക്കുംപോളാണ് . നിരന്തരമായ വായനകളും പഠനങ്ങളും ചര്‍ച്ചകളും മാനസികമായ ക്ഷീണം നല്‍കുമ്പോള്‍ , അല്‍പ നേരം തിരക്കുകള്‍ക്കും, ആരവങ്ങള്‍ക്കും , കടമകള്‍ക്കും 'അവധി' നല്‍കി ഒറ്റക്കിരിക്കുവാന്‍ സമയം കണ്ടെത്തി ഇത് വരെയുള്ള ജീവിത അനുഭവങ്ങളും പാഠങ്ങളും ഇനി മുന്‍പോട്ടുള്ള ചുവടു വെപ്പുകളും ഇത് വരെ വന്ന പാളിച്ചകളും ദൈവം സാക്ഷിയായി ചിന്തിച്ചു നോക്കൂ .വിജ്ഞാനവും വിവേകവും സമ്മേളിക്കുന്ന നിമിഷങ്ങളാണ് അവ .
ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ കൂടിയുണ്ടെങ്കില്‍ ഇത്തരം പുനര്‍ വിചിന്തനങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജവും ആത്മ വിശ്വാസവും മുന്‍പോട്ടുള്ള ജീവിതത്തിനു കരുത്താകും എന്നതില്‍ സംശയമില്ല.

(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍)



You Don't Need To Login To Add A Comment,
feel cool to add your name at comment box below...