2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

റമദാന്‍ : നേടിയെടുക്കേണ്ടത് ആത്മീയ വിമലീകരണം




ഒരു ബഹുമത സമൂഹത്തിലാണ് ഇന്ത്യന്‍ മുസ്ലിം സമുദായം ജീവിക്കുന്നത് . അത് കൊണ്ട് തന്നെ അവരുടെ ആചാരാനുഷ്ടാനങ്ങള്‍ ഇതര മത ആചാരങ്ങളുമായി കൂടി ചേരുവാനോ , അവയുടെ യഥാര്‍ത്ഥ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുവാണോ സാദ്ധ്യത ഏറെയാണ് .മതേതരത്വം എന്നാല്‍ എല്ലാ മതങ്ങളും ലയിച്ചു ചേരുന്ന ഒരു മതം എന്ന വീക്ഷണത്തിലേക്ക് ബോധപൂര്‍വ്വമോ അല്ലാതെയോ നയിക്കപ്പെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും .


ഇസ്ലാമിലെ ഏതു അനുഷ്ടാനം എടുത്തു പരിശോധിച്ചാലും അവയ്ക്കൊക്കെ ആത്മീയവും ഭൌതികവുമായ മാനങ്ങള്‍ കാണാവുന്നതാണ് . എന്നാല്‍ ഒരു യഥാര്‍ത്ഥ സത്യവിശ്വാസി ഒരിക്കലും അവയുടെ ഭൌതിക നേട്ടങ്ങള്‍ അവ അനുഷ്ഠിക്കുമ്പോള്‍ ലക്ഷ്യമാക്കിക്കൂടാ.


1.ഇസ്ലാമിലെ ഒന്നാമത്തെ അനുഷ്ടാനം ആരാധനക്കര്‍ഹ്ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് പ്രഖ്യാപിക്കലാണ് . നബി തിരുമേനി (സ )അരുളിയത് ഏതൊരാള്‍ നിഷ്കളങ്കമായി ' ലാ ഇലാഹ ഇല്ലല്ലാഹ് ' പ്രഖ്യാപിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു എന്നാണു . 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നിഷ്കളങ്കമായി പറയുവാന്‍ ആത്മ വിശുദ്ധി കൈ വരിച്ച ഒരാള്‍ക്കേ സാധിക്കൂ എന്നുള്ള കാര്യം ഇവിടെ വ്യക്തമാണ് .


2. ഇസ്ലാമിലെ അഞ്ചു നേരത്തെ നമസ്കാരമെടുത്തു പരിശോധിച്ചാല്‍ പ്രവാചക തിരുമേനിയുടെ വാക്കുകളിലൂടെ നമുക്ക് കാണുവാന്‍ സാധിക്കുന്നത് ഇപ്രകാരമാണ് : ഒരാളുടെ വീടിനു സമീപത് കൂടി ഒരു നദി ഒഴുകുന്നു . അയാള്‍ ദിവസവും അഞ്ചു നേരം അതില്‍ മുങ്ങിക്കുളിക്കുന്നു . അയാളുടെ മേല്‍ അഴുക്കുണ്ടാവുമോ ? ഇല്ല . അപ്രകാരമാണ് അഞ്ചു നേരത്തെ നമസ്കാരം .രണ്ടു നമസ്കാരങ്ങള്‍ക്കിടയില്‍ സംഭവിക്കാവുന്ന ചെറിയ തിന്മകള്‍ അടുത്ത നമസ്കാരത്തോട് കൂടി പൊറുക്കപ്പെട്ട് അയാള്‍ ആത്മീയമായി വിമലീകരിക്കപ്പെടുന്നു . ( അല്ലാഹു ഉദ്ദേശിച്ചാല്‍ ) .


3. ഇസ്ലാമിലെ 'സക്കാത്ത്' സമ്പ്രദായത്തെ കുറിച്ച് മനസ്സിലാക്കിയാല്‍ അറിയുവാന്‍ കഴിയുന്നത് ,ഒരാള്‍ ഹലാലായ(അനുവദനീയമായ) മാര്‍ഗ്ഗത്തില്‍ കൂടി സമ്പാദിച്ച ധനത്തില്‍ കടന്നു കൂടിയേക്കാവുന്ന ഹറാമിനെ(നിഷിധമായതിനെ) ശുദ്ധീകരിക്കുവാനാണ് അതില്‍ നിന്നും നിശ്ചിത വിഹിതം ദാനമായി നല്‍കുവാന്‍ കല്പ്പിക്കപ്പെട്ടിരിക്കുന്നത്


4. ഇസ്ലാമിലെ വൃതത്തെ കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ് :


സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌
പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി
കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍
വേണ്ടിയത്രെ അത്‌." (Holy Quran 2:183)




5.ഇസ്ലാമിലെ മറ്റൊരു അനുഷ്ടാനമായ ഹജ്ജ്‌ കര്‍മ്മം ( ഹലാലായ സമ്പാദ്യം ഉപയോഗിച്ച് അല്ലാഹുവിന്റെ പ്രവാചകന്‍ (സ )പഠിപ്പിച്ച പ്രകാരം )നിര്‍വ്വഹിച്ച ഒരു മനുഷ്യന്റെ അവസ്ഥ 'അവന്റെ ഉമ്മ അവനെ പ്രസവിച്ചപ്പോള്‍ അവന്‍ എത്ര മാത്രം നിഷ്കളങ്കനാണോ' അപ്രകാരമായിരിക്കും.




എന്നാല്‍ ഇവയുടെ മറു ഭാഗം കൂടി ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട് , അത് വിശ്വാസികള്‍ കൂടുതല്‍ ശ്രദ്ധിക്കെണ്ടാതുമാണ് . അല്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പാഴാവുക മാത്രമല്ല നഷ്ടക്കാരില്‍ പെടുകയും ചെയ്യും .


1. ഒരാള്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്'(ആരാധനക്കര്‍ഹ്ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല) എന്ന് പ്രഖ്യാപിച്ച ശേഷം സൃഷ്ടികളെ ആരാധിക്കുന്ന പക്ഷം അവന്‍ വിശ്വാസത്തില്‍ കളങ്കം(ശിര്‍ക്ക്) വന്നവനും അല്ലാഹു ഒരിക്കലും പൊറുക്കില്ലെന്നു പറഞ്ഞിട്ടുള്ള മഹാ പാപം ചെയ്തവനുമാകും .

2.നമസ്കരിക്കുന്ന ,കൈകള്‍ രണ്ടും ഉയര്‍ത്തി കണ്ണ്നീര്‍ വാര്‍ത്ത്പ്രാര്‍ഥിക്കുന്ന വഴി യാത്രക്കാരനെ പോലെ തോന്നിക്കുന്ന ഒരാളെ ചൂണ്ടി പ്രവാചക തിരുമേനി (സ) ചോദിച്ചു : " അയാളുടെ പ്രാര്‍ത്ഥന അല്ലാഹു എങ്ങനെ സ്വീകരിക്കും ? അയാളുടെ വസ്ത്രം ഹറാം ,ധനം ഹറാം , അയാള്‍ ഊട്ടപ്പെടുന്നതും ഹറാമില്‍ നിന്ന് ". വ്യക്തമാണ് കാര്യം .നമസ്കാരം മൂലം സ്വായതമാക്കേണ്ട ആത്മീയ ഗുണങ്ങള്‍ ഒരാള്‍ നേടിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് വളരെ വ്യക്തം .


3.'വലതു കൈ ദാനം ചെയ്യുന്നത് ഇടതു കൈ അറിയരുത്' എന്ന വചനം പ്രസിദ്ധമാണല്ലോ . തന്നെ കാണുമ്പോള്‍ ആളുകള്‍ ബഹുമാനിക്കുവാനും പുകഴ്ത്തി പറയുവാനും വേണ്ടി ചെയ്യുന്ന ദാനം അല്ലാഹുവിനു ആവശ്യമില്ല എന്ന് മാത്രമല്ല അതിന്റെ പേരില്‍ പരലോകത്ത് കഠിന ശിക്ഷയും അറിയിക്കപ്പെട്ടിട്ടുണ്ട് .


4.നോമ്പിന്റെ സവിശേഷതകള്‍ നിരവധിയാണ് .'റമദാന്‍' മാസത്തിലാണ് നോമ്പ് നിര്‍ബന്ധമാക്കിയിട്ടുള്ളത് .റമദാന്‍ എന്നാല്‍ 'കരിച്ചു കളയുന്നത്' എന്നര്‍ത്ഥം. സംഭവിച്ചു പോയ പാപങ്ങല്‍ അല്ലാഹു അവന്റെ മഹത്തായ കാരുണ്യം കൊണ്ട് മാപ്പ് ചോദിക്കുന്ന വിശ്വാസികള്‍ക്ക്പൊറുത്തു കൊടുക്കുന്നത് വഴി അവരുടെ പാപങ്ങള്‍ കരിച്ചു കളയപ്പെടുകയാണ് . നോമ്പ്‌ അല്ലെങ്കില്‍ വൃതം എന്നതിന് അല്ലാഹു ഖുര്‍ആനില്‍ ഉപയോഗിച്ച പദം 'സിയാം'( സംയമനം ) എന്നാണു.നോമ്പ് സംയമനം പരിശീലിപ്പിക്കപ്പെടുന്ന മാസമാണ് .എന്നാല്‍ ഇതൊന്നും മനസ്സിലാക്കുകയോ ,പരിഗണിക്കുകയോ ചെയ്യാതെ ഒരാള്‍ പകല്‍ മുഴുവന്‍ പട്ടിണി ഇരിക്കുന്നത് അല്ലാഹു സ്വീകരിക്കുകയില്ല എന്നതാണ് മനസ്സിലാക്കെണ്ട പ്രധാന കാര്യം


5.ഒരാള്‍ ഭൌതിക ലക്‌ഷ്യം ഉദ്ദേശിച്ചു (കച്ചവടമോ ,ജോലിയോ മറ്റോ) മക്കയിലേക്ക് പോയി ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ചെയ്‌താല്‍ അത് ഹജ്ജ്‌ ആവുകയില്ല .

ഏതൊരുവന്‍  തന്റെ ആത്മാവിനെ വിമലീകരിച്ചുവോ അവന്‍ വിജയിച്ചു

(കൂടുതല്‍ കാര്യങ്ങള്‍ പണ്ഡിതന്മാരില്‍ നിന്നും മനസ്സിലാക്കുക )







You Don't Need To Login To Add A Comment, feel cool to add your name  at  comment  box  below...